Skip to main content
News Directory 3
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
Menu
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
‘ഇരട്ടയടി’ ; റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ - News Directory 3

‘ഇരട്ടയടി’ ; റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ

March 13, 2025 Catherine Williams Sports
News Context
At a glance
  • മാഡ്രിഡ് : ജൂലിയൻ അൽവാരസിന്റെ ‘ഇരട്ടസ്പർശം’ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ അത്ലറ്റികോ മാഡ്രിഡിന്റെ വഴിയടച്ചു.
  • മാഡ്രിഡ്പോരിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു റയൽ–-അത്ലറ്റികോ കളി.
  • റയലിനായി ആദ്യകിക്ക് കിലിയൻ എംബാപ്പെ എടുത്തു.
Original source: deshabhimani.com

മാഡ്രിഡ് : ജൂലിയൻ അൽവാരസിന്റെ ‘ഇരട്ടസ്പർശം’ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ അത്ലറ്റികോ മാഡ്രിഡിന്റെ വഴിയടച്ചു. അയൽപ്പോരിൽ അത്ലറ്റികോയെ ഷൂട്ടൗട്ടിൽ 4–-2ന് കീഴടക്കി റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി ക്വാർട്ടറിലേക്ക് മുന്നേറി. അൽവാരസിന്റെ കിക്ക് റയൽ വലയിൽ കയറിയെങ്കിലും വീഡിയോ പരിശോധനയിൽ പിൻവലിക്കുകയായിരുന്നു. അടിതൊടുക്കുമ്പോൾ പന്തിൽ രണ്ടുതവണ കാൽ സ്പർശിച്ചതിനെ തുടർന്നായിരുന്നു ഗോൾ നിഷേധിച്ചത്. ആ തീരുമാനം അത്ലറ്റികോയുടെ പ്രതീക്ഷയും തകർത്തു. ഒരുനിമിഷം ഇരമ്പിയാർത്ത മാഡ്രിഡിലെ മെട്രോപോളീറ്റാനോ സ്റ്റേഡിയം നിശ്ശബ്ദമായി. അന്റോണിയോ റൂഡിഗറിന്റെ കിക്കിൽ റയൽ ജയം പൂർത്തിയാക്കി.

മാഡ്രിഡ്പോരിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു റയൽ–-അത്ലറ്റികോ കളി. ആദ്യപാദ പ്രീ ക്വാർട്ടറിൽ റയൽ സ്വന്തം തട്ടകത്തിൽ 2–-1ന്റെ ജയം നേടിയിരുന്നു. കളിയുടെ 27–-ാം സെക്കൻഡിൽ ഗോളടിച്ചാണ് അത്ലറ്റികോ രണ്ടാംപാദത്തിൽ റയലിനെ വരവേറ്റത്. ഇതോടെ ഇരുപാദത്തിലുമായി സ്കോർ 2–-2. ഇതിനിടെ ലീഡ് നേടാൻ റയലിന് അവസരം കിട്ടി. പക്ഷേ, വിശ്വസ്തനായ വിനീഷ്യസ് ജൂനിയറിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. കളി അധികസമയത്തേക്ക്. ഇരുഭാഗത്തും വല തുറന്നില്ല. പിന്നെ ഷൂട്ടൗട്ടിലേക്ക്.

റയലിനായി ആദ്യകിക്ക് കിലിയൻ എംബാപ്പെ എടുത്തു. അത്ലറ്റികോയ്ക്കായി അലക്സാണ്ടർ സൊർലോത് മടക്കി. റയലിനായി രണ്ടാമത്തേത് ജൂഡ് ബെല്ലിങ്ഹാമാണ് വലയിലാക്കിയത്. അത്ലറ്റികോയ്ക്കായി അൽവാരസ് എത്തി. കരുത്തുറ്റ അടി വലയിൽ കയറി. എന്നാൽ, റയൽ താരങ്ങൾ സംശയം പ്രകടിപ്പിച്ചു. റഫറി തീരുമാനം വാർ പരിശോധനയ്ക്ക് വിട്ടു. പരിശോധനയിൽ അൽവാരസ് അടിതൊടുക്കുന്നതിനിടെ രണ്ടുതവണ പന്ത് തൊട്ടതായി തെളിഞ്ഞു. ഗോൾ പിൻവലിച്ചു. ഫെഡറികോ വാൽവെർദെ റയലിനായി ലക്ഷ്യംകണ്ടതോടെ സ്കോർ 3–-1. അത്ലറ്റികോയുടെ മൂന്നാംകിക്ക് ഏഞ്ചൽ കൊറിയ ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 3–-2. നാലാംകിക്കിൽ റയലിന് തെറ്റി. ലൂകാസ് വാസ്ക്വസിന്റെ അടി അത്ലറ്റികോ ഗോൾ കീപ്പർ യാൻ ഒബ്ലാക്ക് തടഞ്ഞു.

അത്ലറ്റികോയ്ക്ക് വീണ്ടും പ്രതീക്ഷ. എന്നാൽ, മാർകോസ് ലോറന്റെയുടെ അടി ബാറിൽ ഇടിച്ചതോടെ അത് മങ്ങി. പിന്നാലെ പന്ത് വലയിലെത്തിച്ച് റൂഡിഗർ കളി റയലിന്റെ കൈയിലാക്കി.

2014ലും 2016ലും അത്ലറ്റികോ ഫൈനലിൽ റയലിനോട് തോറ്റിരുന്നു. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ഇതുവരെ ദ്യേഗോ സിമിയോണിയുടെ സംഘത്തിന് റയലിനെതിരെ ജയം നേടാനായിട്ടില്ല.

ആദ്യപാദത്തിലെ 2–-1ന്റെ ജയത്തിന്റെ ആവേശത്തിലാണ് റയൽ മെട്രോപൊളീറ്റാന സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, അത്ലറ്റികോ ഉഗ്രഭാവത്തിൽ കളിച്ചു. ഒരു മിനിറ്റ് തികയുംമുമ്പ് കൊണോർ ഗല്ലഗറിന്റെ ഗോളിലാണ് ലീഡ് നേടിയത്. ഒന്നാന്തരം ടീം ഗോൾ. അൽവാരസും റോഡ്രിഗോ ഡി പോളും ചേർന്നാണ് തുടക്കമിട്ടത്. ക്രോസ് ബോക്സിലേക്കെത്തുമ്പോൾ ഗുയ്ലാനോ സിമിയോണി ഗല്ലഗർക്ക് അടിതൊടുക്കാൻ പാകത്തിന് മാറിനിന്നു. ആ ഗോളിൽ അത്ലറ്റികോ പറന്നു. റയൽ ഗോൾ കീപ്പർ തിബൗ കുർടോയ്ക്ക് പിടിപ്പത് പണിയായിരുന്നു. അൽവാരസിനെയും ഒൺടോയ്ൻ ഗ്രീസ്മാനെയും കുർടോ തടഞ്ഞു.

രണ്ടാംപകുതിയിൽ റയലിന് ജീവൻ കിട്ടി. എംബാപ്പെയെ ബോക്സിൽവച്ച് ക്ലമന്റ് ലാങ്ലെറ്റ് ഫൗൾ ചെയ്തതിന് പെനൽറ്റി. കഴിഞ്ഞ ഏഴ് പെനൽറ്റിയും ലക്ഷ്യത്തിലെത്തിച്ച വിനീഷ്യസാണ് കിക്ക് എടുക്കാനെത്തിയത്. എന്നാൽ, ബ്രസീലുകാരന് പിഴച്ചു. പന്ത് ബാറിന് മുകളിലൂടെ പറന്നു. എംബാപ്പെയെ അത്ലറ്റികോ പ്രതിരോധം കൃത്യമായി പൂട്ടിയതോടെ റയലിന്റെ നീക്കങ്ങളും ചുരുക്കപ്പെട്ടു. അധികസമയത്ത് കളി മുറുകിയെങ്കിലും മറ്റൊരു ഗോൾ പിറന്നില്ല. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

റയലിന് അഴ്സണൽ ബാഴ്സയ്ക്ക് 
ഡോർട്ട്മുണ്ട്

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഴ്സണലിനെ നേരിടും. ബാഴ്സലോണയ്ക്ക് ബൊറൂസിയ ഡോർട്ട്മുണ്ടാണ് എതിരാളി. പിഎസ്ജി ആസ്റ്റൺ വില്ലയുമായി കളിക്കും. ബയേൺ മ്യൂണിക്കും ഇന്റർ മിലാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ.

പിഎസ്വി ഐന്തോവനെ ഇരുപാദത്തിലുമായി 9–-3ന് മറികടന്നാണ് അഴ്സണൽ ക്വാർട്ടറിൽ എത്തിയത്. രണ്ടാംപാദം 2–-2ന് അവസാനിച്ചു. രണ്ടാംപാദത്തിൽ ഒലെക്സാണ്ടർ സിൻചെങ്കൊയും ഡെക്ലൻ റൈസും ഗോളടിച്ചു. ഏപ്രിൽ എട്ടിനാണ് റയലുമായുള്ള ക്വാർട്ടറിന്റെ ആദ്യപാദം. രണ്ടാംപാദം 16നും. ബയേൺ–-ഇന്റർ ആദ്യപാദവും എട്ടിനാണ്. രണ്ടാംപാദം 16ന്.

ബാഴ്സ–-ഡോർട്ട്മുണ്ട് ആദ്യപാദം ഏപ്രിൽ ഒമ്പതിനും രണ്ടാംപാദം 15നുമാണ്. പിഎസ്ജി–-വില്ല മത്സരവും ഈ തീയതികളിലാണ്. ലില്ലെയെ ഇരുപാദത്തിലുമായി 3–-2ന് തോൽപ്പിച്ചാണ് ഡോർട്ട്മുണ്ട് മുന്നേറിയത്. രണ്ടാംപാദത്തിൽ 2–-1നായിരുന്നു ജയം. വില്ല രണ്ടാംപാദത്തിൽ ക്ലബ് ബ്രുജിനെ 3–-0ന് തകർത്തു. മാർകോ അസെൻസിയോ ഇരട്ടഗോളടിച്ചു. ഇരുപാദങ്ങളിലുമായി വില്ല 6–-1ന് മുൻതൂക്കം നേടി.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

More on this

  • Estonia defeated Luxembourg 1-0 with an early Rasmus Peetson goal
  • What Do Formula 1 Reserve Drivers Actually Do All Day?

Related

Search:

News Directory 3

News Directory 3 catalogs US newspapers, news services, newsstands and digital news outlets across all 50 states. Browse local publishers by city, state, or topic, and follow current headlines linked back to their original sources.

Quick Links

  • Disclaimer
  • Terms and Conditions
  • About Us
  • Advertising Policy
  • Contact Us
  • Cookie Policy
  • Editorial Guidelines
  • Privacy Policy

Browse by State

  • Alabama
  • Alaska
  • Arizona
  • Arkansas
  • California
  • Colorado

© 2026 News Directory 3. All rights reserved.
For contact, advertising, copyright, issues email: office@newsdirectory3.com